ഇടം-ഭാഗം 3

'ഒടുക്കത്തിലെ തുടക്കങ്ങൾ '-ജൂഡ് ക്സെവിയറിന്റെ അപ്രകാശിത ഫോട്ടോ ജേർണലിൽ നിന്ന് .

‘ഒടുക്കത്തിലെ തുടക്കങ്ങൾ ‘-ജൂഡ് ക്സെവിയറിന്റെ അപ്രകാശിത ഫോട്ടോ ജേർണലിൽ നിന്ന് .

” നീ വരച്ചു വച്ച ചിത്രങ്ങളിലെ ചായങ്ങൾ പലപ്പോളും എന്നിൽ പടരാറുണ്ട്
അതെന്റെ ഛായ മാറ്റാറുണ്ട്
നിന്നെ മറക്കാൻ ശ്രമിയ്ക്കുമ്പോൾ ആണ് ഞാൻ എന്നെ ഓർക്കുന്നത് ……”
“ജൂഡിന്റെ ഡയറി ”
ജൂഡിന്റെ ഡയറി ഇടയ്ക്കിടയ്ക്ക് രഘുവിനോട് സംസാരിയ്ക്കാറുണ്ട് .
“ഒരു പുസ്തകം പുസ്സ്തകമായി ഇരിയ്ക്കണം .അല്ലാതെ എല്ലാത്തിലും അഭിപ്രായം പറഞ്ഞ് ഒരുമാതിരി കച്ചറ .”
ഡയറി ചിരിയ്ക്കും .ഇടയ്ക്ക് പേജിനുള്ളിൽ ഒളിപ്പിച്ചു വച്ച ഇരട്ട വാലന്മാരെ പുറത്തോട്ടു ഓടിക്ക്യും .ചെറുതായൊന്നു ചട്ടയിളക്കും , പഴയ ഡയറി ആവും .
“അല്ല രഘൂ ,അപ്പൊ നീ അവളോട്‌ എന്നാ ഇപ്പൊ ഇത് പറയാൻ പോണേ ?”
“പറയണം .പക്ഷെ .എങ്ങനെ പറയും? മോറാലിറ്റി വച്ച് നോക്കുമ്പോ ഞാൻ ചെയ്യുന്നത് തെറ്റായി മാറും .”
“നീ ഇങ്ങനെ മൊറാലിറ്റിയും പറഞ്ഞിരുന്നോ .നീ മൊർട്ടാലിറ്റി എന്ന് കേട്ടിട്ടുണ്ടല്ലോ അല്ലെ?”
” ഒന്ന് പോ ജൂഡ് .നീ ചത്തതല്ലേ .ചത്ത ആള്ക്കാരൊന്നും ഇങ്ങനെ സംസാരിയ്ക്കാറില്ല .”
“ഓഹോ .നിനക്ക് എത്ര ചത്ത ആൾക്കാരെ അറിയാം ?”ഡയറി വീണ്ടും ചിരിച്ചു .
“ദെ ഞാൻ വല്ല ആക്ക്രി കടക്കാരനും എടുത്തു വിക്കും ട്ടോ .”
ആ ഭീഷണിയും ഏറ്റില്ലെന്നു തോന്നുന്നു .രഘു ഡയറി എടുത്ത് ഷെൽഫിൽ വെച്ച് പൂട്ടി.കടലാസിന്റെ രോദനം പുറത്തോട്ടു കേൾക്കാമായിരുന്നു .
രാവ് അവനു വേണ്ടി കാത്തിരുന്നിരുന്നു .അവൻ മെല്ലെ ക്യാമറ എടുത്തു പുറത്തിറങ്ങി .
വെളിച്ചം പലപ്പോളും ഒരു മറയാണ് .അവിടെ വ്യക്തമാവുന്നത് പലപ്പോളും വ്യക്തികളുടെ അവ്യക്തതയാണ് .അവനു രാവിനോടായിരുന്നു ഇഷ്ട്ടം .രാവിൽ മാത്രം കാണാൻ പറ്റുന്ന ചില കാഴ്ചകളുണ്ട്‌ .ആ കാഴ്ച്ചകൾക്ക് പലപ്പോളും നിറങ്ങൾ അധികമായിരിയ്ക്കും .നിറമില്ലായ്മയുടെ നിറം .
ആദ്യമായി രാവിനെയും ക്യാമറയെയും രഘുവിന് പരിച്ചയപ്പെടുത്തിക്കൊടുത്തത് ജൂഡ് ആണ് .അന്നൊരു വെള്ളി ആഴ്ച്ച ആയിരുന്നു .നിളയുടെ കരളിൽ കലര്ന്ന സൂര്യന്റെ രക്തവും നോക്കി ജൂഡ് അന്തം വിട്ടിരിക്ക്യുകയായിരുന്നു .
“എടാ ദിവസം തൊടങ്ങണത് വൈകുന്നേരമാടാ .”
“നെനക്ക് പ്രാന്താ ജൂഡ് .”
“എനിക്ക് പ്രാന്താനെന്നുള്ളതാണ് എനിക്ക്യെന്നെ കുറിച്ച് തന്നെ അഭിമാനം തോന്നുന്ന ഒരേ ഒരു കാര്യം .എനിക്ക്യു സാധാരണത്വത്തെ ഭയമാണ് ചങ്ങായി .”
” അതെന്താണ് ചങ്ങായി .”
“അതൊരു ചക്കയാണ് ചങ്ങായി ..”
രഘു ചിരിച്ചു ,ജൂഡും .
അവൻ അവന്റെ ക്യാമറ പുറത്തെടുത്തു വ്യൂ ഫൈണ്ടർലൂടെ നോക്കി .
:നീ ഇത് കണ്ടോ രഘൂ .ഓരോ വട്ടം നമ്മൾ ഇതിലൂടെ നോക്കുമ്പോളും ഒരു തരത്തിൽ പറഞ്ഞാൽ നമ്മള് നമ്മളെ തന്നെയാ കാണുന്നത് .എന്റെ നെഞ്ചിലെ പ്രണയമാണ് ആ ചുവപ്പ്.വിരഹമാണ് ആ കറുപ്പ് .കാമമാണ്‌ ആ പച്ചപ്പ്‌ ”
“ആണെടാ.നിനക്കങ്ങനെയൊക്കെ തോന്നും .നിന്റെ പ്രായം അതല്ലേ.”
“ഒന്ന് പോടാപ്പാ .നീ ഇതങ്ങട് പിടിച്ചേ .അങ്ങട് നോക്കിക്കേ .”
രഘു വ്യൂ ഫൈന്ടറിലൂടെ നോക്കി .നിളയിൽ കലർന്ന നിണത്തിന് നിറം കൂടുന്ന പോലെ രഘുവിന് തോന്നി .അവന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു .വയറിൽ ഒരു സഞ്ചാരം .
“അവള് നിന്നെയും തൊ ട്ടല്ലേ .അങ്ങനെയാ നല്ല ചെക്കന്മാരെ പ്രകൃതിക്ക്യു എപ്പളും ഇഷ്ട്ടമാ .നീ ക്ലിക്കിക്കെ .ഇങ്ങട് പോരട്ടെ .”
അവൻ ക്ലിക്ക് ചെയ്തു.ക്യാമറയുടെ മെക്കാനിസം ഉണ്ടാക്കിയ ശബ്ദത്തിൽ ഒരു നീലാംബരി ഒളിഞ്ഞിരിക്ക്യുന്ന പോലെ രഘുവിന് തോന്നി .എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
“ആ ക്യാമറ നീ വച്ചോ .അവൾക്കു നിന്നോടാ ചായ്‌വ് .”
രഘു ചിരിച്ചു .അവൻ അവന്റെ ക്യാമറയെ ഒന്നും കൂടെ ചേർത്ത് പിടിച്ചു.

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author
2 thoughts on “ഇടം-ഭാഗം 3

Leave a Reply

Your email address will not be published. Required fields are marked *

13 + 6 =