ഇടം …5

കരയുന്ന പകലിനെ കണ്ടിട്ടുണ്ടോ? നേർത്ത തണുപ്പിൽ ,ഇളം ചെമ്പട്ട് പുതച്ച് ,മഞ്ഞിൽ കുളിച്ച് നില്ക്കുന്ന പകലിനെ.രാവിന്റെ മുരടനക്കങ്ങൾക്ക് കാതോർക്കുകയാണ് അവൾ .എന്നും എന്ന പോലെ .
ആ മഞ്ഞു മായുന്നതിനു മുൻപ് അവൻ വരുമായിരിക്ക്യും ,അവളിൽ ഉറങ്ങുമായിരിക്ക്യും ,അല്ലെ?
മല്ലികയുടെ ഫേസ് ബുക്ക്‌ പോസ്റ്റുകളിൽ നിന്ന് …..
മഞ്ഞ് സമയം തെറ്റി അപ്പോളും ഉണ്ടായിരുന്നു .ഓഫീസിലെക്ക്യുള്ള നടത്തം അതുകൊണ്ടിന്നു കുഴപ്പമില്ലായിരുന്നു .ഭൂമിയെ ഒരു തീച്ചൂള ആക്കാൻ മനുഷ്യൻ കാണിച്ച വെമ്പൽ എത്ര വലുതാണ്‌ .നമ്മുടെ കടക്ക്യു നമ്മള് തന്നെ വെട്ടി നമ്മള് തന്നെ കരയുന്ന വിരോധാഭാസം .മനുഷ്യൻ കുറച്ചു കൂടെ മൃഗമായിരുന്നെങ്കിൽ നന്നായേനെ .സംഭോഗിച്ചു,സന്തോഷിച്ചു,സന്താപിച്ചു,ഉണ്ട് ,ഉറങ്ങി ,പ്രക്രുതിയിലെക്ക്യു തന്നെ മടങ്ങി .
“എവടെ നോക്കിയാണ് ചങ്ങായി നടക്കണേ?” ഒരു വഴിപോക്കൻ രഘുവിനോട് ചോദിച്ചു .
രഘു ചിരിച്ചു വീണ്ടും നടന്നു .
ബാങ്കിംഗ് രഘുവിന് താല്പ്പര്യമില്ലാത്ത വിഷയമാണ് .പക്ഷേ അമ്മ പറഞ്ഞ പോലെ “കാൽപ്പനികതകൾ കൊണ്ട് കഞ്ഞി കുടിക്ക്യാൻ പറ്റില്ലല്ലോ ?” പ്രണയത്തിന് അപ്പുറത്താണ് വിശപ്പ്‌,ഇനി അത് തിരിച്ചാണോ ?

.പടികൾ കയറുന്നിടത്ത് തന്നെ ഒട്ടിച്ചിട്ടുള്ള ഒരു പോസ്റ്റർ കണ്ടു രഘു എന്നും ചിരിക്ക്യാറുണ്ട് .ടേക്ക് ലൈഫ് ആസ് ഇറ്റ്‌ കംസ് .പക്ഷെ ചിലർക്ക് ജീവിതം വരാറു തന്നെ ഇല്ലല്ലോ .ഒരു ചിന്തയിൽ നിന്ന് മറ്റൊരു ചിന്തയിലെക്ക്യു ,ഒരു ചിതയിൽ നിന്ന് മറ്റൊന്നിലെക്ക്യു.ചുറ്റും നടക്കുന്നത് കാണാതെ,കേൾക്കാതെ ,തന്റേതായ തടവറകൾ; ഉണ്ടാക്കി അവിടെ തന്നെത്തന്നെ പൂട്ടിയിട്ടു ,ആർത്തു കരഞ്ഞു ,അലറി വിളിച്ചു ,അലതല്ലി മരിക്ക്യുന്ന ജീവിതങ്ങൾ .അവര് ബാക്കി വക്ക്യുന്ന നെടുവീർപ്പുകൾ കൂട്ടി വച്ച് പകുത്തു നല്കുന്ന കാലം,
“ഗുഡ് മോർണിംഗ് രഘു .ഇന്നലെ വെള്ളമായിരുന്നോ ,ആകെ ഒരു ക്ഷീണം .”
“ഇല്ല ജോസഫേട്ടാ .ഇപ്പം അടിയൊന്നുമില്ല .സാധനം കിട്ടാൻ തന്നെ എന്ത് ബുദ്ധിമുട്ടാ .”
“ഉവ്വുവ്വേ .നമ്മളു അങ്ങോട്ട്‌ കയറി വരത്തോന്നുമില്ല .അല്ല ഈ ശബരിമലയിലെക്ക്യു സ്ത്രീകളെ കയറ്റണോ വേണ്ടേ ,രഘു ?”
“കേറട്ടെന്നു .കൊറച്ചു അട്ടകടി അവരും കൊള്ളട്ടെ .”
“അത് ശരിയാ .അതിനു അവിടെ അട്ടയൊക്കെ ഉണ്ടോ രഘു ?”
“പണ്ടുണ്ടായിരുന്നു.ഇപ്പൊ അറിഞ്ഞൂടാ മാഷെ .ഉണ്ടാവാൻ സാധ്യതയില്ല .കൂടുതലും അങ്ങോട്ടിനി ബസ്‌ സർവീസ് ഒക്കെ വരും .ഓൺലൈൻ ദർശനവും വരും .പിന്നെ വീട്ടിലിരുന്നു കാണാം .”
‘നല്ലതാല്ലേ .ദൈവങ്ങളൊക്കെ നമ്മളോട് വല്ലാതെ അടുത്ത് തുടങ്ങി .”
‘പാവം ദൈവം .”
“പാവം ദൈവം ”
ഡോർ തുറക്കുന്ന ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി.നോക്കാതെ തന്നെ രഘുവിനു അറിയാമായിരുന്നു അതാരെന്നു .’മല്ലിക ‘
മല്ലികയെ കണ്ടപ്പോളെ രഘുവിന് അറിയാമായിരുന്നു അവളെ താൻ പ്രണയിക്കുമെന്ന് .അവളുടെ ചിരി,നോട്ടം,ഇരുത്തം,സംസാരം,ശ്വാസം എടുക്കുന്ന താളം,അവളുടെ ശബ്ദം.അവള് ചെറുതായി എഴുതും എന്ന് കൂടി അറിഞ്ഞതോടെ എല്ലാം പൂർത്തിയായി .
ജൂഡ് ഉണ്ടെങ്കിൽ പറഞ്ഞേനെ ‘ഇടം കണ്ണിൽ സൂര്യനെ ഒളിപ്പിച്ചവൾ ‘എന്ന് .
‘ഗുഡ് മോർണിംഗ് രഘു,ജോസഫേട്ടാ .”
“എന്താണ് മല്ലികേ ? മോളുടെ പനിയൊക്കെ മാറിയോ >”
“മാറി ജോസഫേട്ടാ .വൈറൽ അല്ലെ .അതെന്തായാലും വരും ,അതെന്തായാലും പോവേം ചെയ്യും.”
“ഉള്ളതാ.ഉള്ളതാ .”
“എന്താ രഘു രണ്ടൂസം ലീവ് ആയിപ്പോയെ.”
“ഒന്നുമില്ല മല്ലിക.ചെറിയ ചില സർക്കീട്ട് ഉണ്ടായിരുന്നു .അതാ .”
മല്ലികയോടുള്ള തന്റെ ഇഷ്ട്ടം പറഞ്ഞു വഷളാക്കി അതിനുള്ള മനസമാധാനം കളയാൻ രഘു തയാറല്ലായിരുന്നു .ഇഷ്ടമല്ലേ ,വേറൊന്നും അല്ലല്ലോ ? പണ്ട് ഇന്നസെന്റ്റ് പറഞ്ഞ പോലെ ‘വല്ലാതെ തോന്നുമ്പോ രണ്ടു പപ്പടങ്ങട് ചുടും ..’പക്ഷെ അവളുടെ ഗന്ധം എവിടെക്കെയോ അവനിൽ തറച്ചു കയറി തുടങ്ങിയിരുന്നു ,രംഗബോധമില്ലാത്ത കോമാളിയാണ് മരണം,പ്രണയവും .
രഘു ഒന്നുംകൂടെ തന്റെ സീറ്റിൽ ചേർന്നിരുന്ന് ശ്വാസം വിട്ടു .എന്തായിരിക്ക്യാം മനുഷ്യനെ പ്രണയിക്കാൻ പ്രേരിപ്പിക്ക്യുന്നത് ?ഉടൽ മാത്രമാണോ ?ആവാൻ വഴിയില്ല .മറ്റെന്തൊക്കെയോ ഉണ്ട് . നമ്മൾ അറിയാത്ത ഏതൊക്കെയോ നിറങ്ങൾ നമുക്ക് ചായം തേച്ചു കൊണ്ടേ ഇരിക്ക്യുന്നുണ്ട് …..

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

2 + 10 =