ഇടം-ഭാഗം 2

DSC02449

ജനാലയിലൂടെ വെളിച്ചം മെല്ലെ അരിച്ചുവന്നു അവളെ തൊടുന്നുണ്ടായിരുന്നു .ഏറ്റവും വലിയ അന്ധകാരം പ്രകാശമാണെന്ന് രഞ്ജനയ്ക്ക് പലപ്പോളും തോന്നാറുണ്ട് .നിശബ്ദമായി കരയുന്ന വാക്കുകളിൽ ഒളിപ്പിച്ച്‌ വച്ച അന്ധകാരത്തിൽ തെളിയുന്നതൊന്നും ഒരിക്കലും ഒരു പ്രകാശത്തിലും കാണാറില്ലെന്ന് അവൾക്കറിയാമായിരുന്നു .വാക്കുകളെ ഗർഭം ധരിയ്ക്കാനും കഥകളെ പ്രസവിയ്ക്കാനും അതുകൊണ്ടു തന്നെ അവൾ മുൻപേ തീരുമാനിച്ചിരുന്നു .ആ പ്രസവ വേദനയുടെ സുഖത്തിനപ്പുറത്ത് വേറെന്തു സുഖം ?

“ഇയ്യൊന്നു എറങ്ങി വരണുണ്ടോ ?വന്നു വന്നു പെണ്ണിന് എണീയ്ക്കണം ന്നന്നെ തോന്നാതായിരിയ്ക്കണു.’

രഞ്ജന ചിരിച്ചു.അമ്മ വീണ്ടും ബഹളമുണ്ടാക്കി ആളെ കൂട്ടുന്നതിനു മുൻപ് താഴോട്ടിറങ്ങി .
“അമ്മേ ….കാപ്പി .”
“ആഡീ ,തരാടീ .പോത്ത് പോലെ ആയി .ഭഗവാനെ ഇതിനെയൊക്കെ കെട്ടിച്ചു വിട്ടാലുള്ള അവസ്ഥ എന്തായിരിയ്ക്കും .”
“വിടാതിരുന്നാ പോരെ .”
“നീ ഇങ്ങനെ തടിച്ചു പണ്ടാരമടങ്ങി വന്നാൽ പിന്നെ പേടിയ്ക്കണ്ടാടീ .ഒരു മനുഷ്യന്റെ കുട്ടി നിന്നെ കാണാൻ വരില്ല .”
“പിന്നെ ജാതകം .”
“ആ ചിരിച്ചോ .അതും പറഞ്ഞു നീ ചിരിച്ചോ. ,ഇക്കണ്ട വ ഴിപാടൊക്കെ ചെയ്യണത് നിന്റെ ദോഷം മാറാനാടീ .അപ്പ നിനക്ക് പുച്ഛം .”
“അമ്മ ആ കാപ്പി തന്നു ചീത്ത പറഞ്ഞോ ”
കുട്ടെട്ടന്റെ ചീരി അപ്പുറത്ത് നിന്ന് കേൾക്കാമായിരുന്നു .
“ഇന്നാ നിന്റെ കാപ്പി..ഭഗവാനെ എന്റെ രവിഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇവൾ ഇങ്ങനെ ആവുമായിരുന്നോ ?
അമ്മ ആ ഡയലോഗിന്റെ ബാക്കി പറയുന്നതിന് മുന്പ് അവൾ ഏട്ടന്റെ അടുത്തേയ്ക്ക് എണീച്ചു പോയി .മരിച്ച അച്ഛനെ, സെന്റിമെന്റ്സിന് വേണ്ടി ഇടയ്ക്കിടയ്ക്ക് അമ്മ വിളിച്ചുണർത്താറുണ്ട് .അപ്പളൊക്കെ അവൾ തടിതപ്പാറും ഉണ്ട് .
“അല്ല നിനക്കിന്നു കോളേജിൽ പോണ്ടേ ?”
“ഇല്ല ഏട്ടാ .സമരമാ.”
“എന്നാ .നിനക്കിന്നു ഒരു സാധനം കൂടി എഴുതി തരാൻ പറ്റുവോ ?
“എന്റെ പൊന്നു രഞ്ജിത്ത് പ്രഭു.നിങ്ങക്ക് വേണ്ടി പ്രണയ ലേഖനം…..”
“ശ് ശ് …പതുക്കെ പറയടീ ജന്തു .”
“ഈ ‘ജന്തു’ പ്രണയ ലേഖനം എഴുതുന്നത്‌ നിർത്തി എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു .”
“അങ്ങനെ പറയാതെ ചക്കരെ .ഞാനെങ്ങാനും വല്ലതും തന്നെത്താനെ എഴുതി അയച്ചാൽ അന്ന് ,ആ നിമിഷം ഇത്പൊട്ടും.ചക്കരയല്ലേ,പുന്നാരയല്ലേ,തങ്കക്കൊടമല്ലേ .’
“നിങ്ങൾ ഇതെന്താണ് മനുഷ്യാ.?!പ്രണയ ലേഖനം എഴുതാൻ സ്വന്തം അനിയത്തിയെ കൂട്ട് പിടിയ്ക്കണ ആദ്യത്തെയും അവസാനത്തെയും ഏട്ടൻ ,എട്ടനായിരിയ്ക്കും .അതിൽ നിനക്ക് അഭിമാനിയ്ക്കാമെടാ ,അഭിമാനിയ്ക്കാം .”
“നീ ചളി നിർത്തി കാര്യത്തിലേയ്ക്ക് കടന്നെ .അവൾ രണ്ടു ദിവസമായിട്ട് ലീവാ .നാളെ അവള് വരും .അതിനു മുൻപ് ഈ പുതിയ കവിത അവളുടെ ഇൻബോക്സിൽ എത്തണം .എന്റെ ഹൃദയത്തിന്റെ ചേങ്ങില പോലെ.”

“എന്ത് ?’

“അതാ ,അതാ .എനിയ്ക്കറിയാം .ഞാൻ പറഞ്ഞു വരുമ്പോ അത്ചേങ്ങിലയും വട്ട ചൊറിയും ഒക്കെ ആവും .അതല്ലേ ഞാൻ നിന്നെ കൂട്ട് പിടിയ്ക്കണേ .പ്ലീസ് .”
“ഹാ …. തക്കാരത്തിൽ പോയി ‘പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത്’ മേടിച്ചു തരാമെങ്കിൽ നോക്കാം .”
“അവടെ അങ്ങനേം ഒരു സാധനമുണ്ടോ ?എന്ത് വേഷം വേണെങ്കിലും മേടിച്ചു തരാം നീ എഴുത് ചക്കരെ.”
…………………………….
രഞ്ജിത്തിന്റെ പുതിയ മെസ്സജ് എഫ്ബിയിൽ വന്നു കിടക്കുന്നുണ്ടായിരുന്നു ,അക്ഷത ഒരു ചെറു ചിരിയോടെ അത് തുറന്നു .
“നിലാവിന്റെ പാളികൾ ഒളിപ്പിച്ചു വച്ച ഇരുട്ടിൽ തിളങ്ങുന്ന മിന്നാ മിന്നി കണക്കെ നിന്റെ കണ്ണുകൾ .
അത് ബാക്കി വച്ച പ്രകാശത്തിന്റെ കണികയിൽ തൂങ്ങിയാടി  നിന്റെ മണി മാളികയിൽ ഞാൻ എത്തി .
കാറ്റിൽ നിന്റെ ഗന്ധം,കരളിൽ നിന്റെ മുഖം
നിന്റെ ചിരിയുടെ വെള്ളിടി വെട്ടി ഞാൻ കഷ്ണം കഷ്ണമായി ചിതറി തെറിച്ചു
ആ ചിന്തുകൾ പറന്നു പാറി നിന്റെ മുടിയിൽ എവിടെയോ ഉടക്കി നിന്നു .
മടക്കമില്ല ഇനി…..തുടക്കവും ഒടുക്കവും അടക്കവും നിന്നിൽ ”

അവൾ ചിരിച്ചു .പ്രകാശത്തിനു പ്രകാശം കൂടുന്നത് പോലെ അവൾക്കു തോന്നി .

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

9 − 2 =