ഉറുമ്പുകൾ

ph46

ഞാൻ കണ്ണടച്ചു,പുറത്തു നിന്നുള്ള കാറ്റ് കുറച്ചു അധികമായിരുന്നു .അഞ്ജലീം ചിന്നുവും ഉറങ്ങുകയായിരുന്നു ,അച്ഛൻ ഡ്രൈവറോട് കത്തീം വച്ചിരിപ്പാണ്,അമ്മ പുറത്തോട്ട് നോക്കിക്കൊണ്ടിരിയ്ക്കയായിരുന്നു ,വല്യമ്മയും. .വണ്ടി പാമ്പൻ പാലത്തില്‍ കടന്നു ,ഒരു വല്ലാത്ത ഈരമ്പം.ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പാലമാണ് ,കടലിനു കുറുകെ .അസ്തമയമായിരുന്നു,ഒരു വല്ലാത്ത വെളിച്ചം
“അച്ചാ ഒരഞ്ചു മിനിറ്റ് നിർത്വോ ,അസ്തമനം കണ്ടിട്ട് പോവാം”.വണ്ടി നിർത്തി ,ഞാനിറങ്ങി ,ഒപ്പം മറ്റുള്ളവരും.
അങ്ങ് ദൂരെ ചക്രവാളത്തില്‍ ആരോ ചായമടിച്ചു വച്ചിരുന്നു ,ഭ്രാന്തമായ കല ,വന്യമായ നിറങ്ങള്‍ .തകർന്ന പഴയ റെയില്‍ പാളം കടലിനു കുറുകെ അപ്പോളും കാണാമായിരുന്നു ,എന്തോ അതിനോട് എനിയ്ക്ക് അമിതമായ ഒരു ഇഷ്ടം തോന്നി .ഒരു ചെറിയ ബോട്ട് പായ വിടർത്തി ദൂരെയ്കു പോകുന്നുണ്ടായിരുന്നു ,ചുവപ്പില്‍ ഒരു കറുത്ത പൊട്ടു പോലെ അത് കാണായി.
“പൈന്‍ ആപ്പിള്‍ വേണോ കണ്ണാ “അമ്മ ചോദിച്ചു .ഒന്ന് തിന്നു നോക്കി ,മസാലയിട്ടതാണ് ,നല്ല സ്വാദ്
“കണ്ണാ കേറ്, ഇനി വൈകണ്ട “….വിഷാദത്തിന്റെ മേഘശകലങ്ങളെ വീണ്ടും പറക്കാന്‍ വിട്ടു ഞങ്ങള്‍ യാത്ര തുടർന്നു .
രാമേ ശ്വരത്തോട്ടാണ് .രാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗം ,കടല്‍ തീരത്തുള്ള ക്ഷേത്രം,കാറ്റ് ,കടലിന്റെ മണം,അബ്ദുൽ കലാമിന്റെ ജന്മ നാട് .
ഞങ്ങള്‍ ടി.ടി.ഡി.സി യില്‍ റൂമെടുത്തു,കടലിനെ ഫേസ് ചെയ്തും കൊണ്ട്. ഒരു സ്ടൂളും ഇട്ടു ഞാന്‍ ടെറസില്‍ ഇരുന്നു ,രാത്രിയും കടലും….പ്രണയവും വിരഹവും പോലെ ……….
“കണ്ണാ ,അധിക നേരം ഇരിയ്ക്കണ്ട ,കടൽ കാറ്റ് നന്നല്ല ”
അച്ചന്‍ ഒരു സിഗരെറ്റ്‌ കൊളുത്തി അപ്പുറത്ത് വന്നു നിന്നു,ചുണ്ടിലെ തീ മാത്രം കാണാമായിരുന്നു .കാറ്റ് ആ പുകയെ എങ്ങോട്ടോ കൊണ്ട് പോയി .
പ്രഭാതം ,ചെറിയ ചൂടുള്ള മണൽ തരികള്‍ ചവുട്ടി ഞങ്ങള്‍ നടന്നു.ശാന്തമായ കടല്‍ .ഇവിടെ ഒരിക്യലും വലിയ തിരകള്‍ വരില്ല ,അതാണീ കടലിന്റെ പ്രത്യേകത .മൗനിയായ സമുദ്രം ,പറയപ്പെടാത്ത കാര്യങ്ങള്‍ ,പെയ്യാത്ത മഴ .ഇരുട്ട് …….
“അഛാ എന്തൊക്കെയാണ് പരിപാടി?”
“ശ്രാദ്ധം ,പിന്നെ അമ്പലത്തില്‍ കേറണം,പറ്റിയാല്‍ നമുക്ക് ഇരുപത്തൊന്നു തീർത്ഥങ്ങളിലും കുളിയ്ക്കണം ”
“എന്ന് വച്ചാ ?”
“ഇവിടെ ഇരുപത്തൊന്നു കിണറുകള്‍ ഉണ്ട് ,അതിലെല്ലാം ഫ്രഷ്‌ വാട്ടർ ആണ് വരുക .അതിലെല്ലാം കുളിച്ചാലെ ദർ ശനം പൂർ ണമാകു എന്നാണ് സങ്കല്‍പം ”
ദംബതീ സ്നാനത്തിനു വന്ന പലരെയും കാണാമായിരുന്നു ,വസ്ത്രങ്ങള്‍ കൂട്ടികെട്ടി ദമ്പതികള്‍ മുങ്ങിക്കൊണ്ടേ ഇരുന്നു .ജീവിതമെന്ന കടല്‍ ,ദാമ്പത്യം എന്ന തോണി,മുങ്ങി,പൊങ്ങി ……….
മണൽ തിട്ടില്‍ ഒരു കുട്ടിയെ കാണാമായിരുന്നു ,ഒരു ചെറിയ ആണ്‍ കുട്ടി .മണല്‍ കയ്യിലാക്കി കളിച്ചോണ്ടിരിയ്ക്കാണ് .ഓരോ വട്ടം മണ്ണ് വാരുമ്പോഴും അവന്‍ സന്തോഷം കാണിയ്ക്കാൻ ആർ ക്കുമായിരുന്നു .പിടിച്ചടക്കലിന്റെ ആഹ്ലാദം ,കീഴടക്കല്‍ എന്ന വിനോദം . കുറച്ചു നേരം കഴിഞ്ഞപ്പോ അവന്റെ അമ്മ വന്നു അവനെ എടുത്തു ,അവര്‍ ദൂരേയ്ക്ക് നടന്നു …..
“കണ്ണാ വാ “..
ശ്രാദ്ധം തുടങ്ങി …..ഓർമകളെ ഞാന്‍ മറന്നു തുടങ്ങിയിരുന്നു ,അതുകൊണ്ട് തന്നെ ഞാൻ അടുത്ത് നിന്ന ഒരു പെൺ കുട്ടീനെ നോക്കുകയായിരുന്നു .വല്യമ്മ കരഞ്ഞു കൊണ്ടിരുന്നു …..മകന് പിണ്ഡം വയ്ക്കുന്ന ഒരമ്മ ……
ഞങ്ങളെല്ലാ ഓർമമകളെയും ഒപ്പം പിതൃക്കളെയും കടലിലൊഴുക്കി 36 വട്ടം മുങ്ങി …..പിന്നെ അമ്പലത്തിലേയ്ക്ക് നടന്നു .ചുട്ടു പൊള്ളുന്ന റോഡ്‌ ,ചെരുപ്പില്ലായിരുന്നു ,വേഗം നടന്നു …..
രാമേശ്വരം …..ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് റീലിന്റെ ഉള്ളില്‍ കുടുങ്ങിയ പോലെ നമുക്ക് തോന്നും .ഉയർ ന്ന മേല്‍ക്കൂര ,കറുത്ത തൂണുകള്‍ .പോകുന്ന വഴിയില്‍ മുഴുവന്‍ നനവ്‌ ,എവിടന്നോ വന്നു വീഴുന്ന പ്രകാശം ,,,,,,പഴമ ഇവിടം തളം കെട്ടി കിടക്കുന്നു……കരിങ്കല്ലില്‍ അവര്‍ സമയത്തെ ബന്ധിച്ചു .
21 തീർത്ഥങ്ങള്‍ ,ജീവിതത്തിന്റെ അഴുക്കു കഴുകി കളയാന്‍ എല്ലാവരും കൈ കൂപ്പി നിന്നു ,തലയില്‍ ഒഴിച്ച് തരുന്ന തീർ ത്ഥം .ഒരു തീർത്ഥ കിണറില്‍ വേസ്റ്റ് ബോട്ടില്‍സ് കണ്ടു ഞാന്‍ അറിയാതെ ചിരിച്ചു പോയി .അവസാനത്തെ കിണറിന്റെ അടുത്ത് നിന്നു ഒരാള്‍ പറഞു കൊണ്ടേ ഇരുന്നു “ദക്ഷിണ വക്യിങ്കോ “.
ഭക്തര്‍ പൈസ വെള്ളത്തിലേയ്ക്ക് ഇട്ടു .ഒരു സഹായി വന്നു അത് പെറുക്കുന്നുണ്ടായിരുന്നു ……………
തോർ ത്തി ഞങ്ങള്‍ തൊഴാന്‍ പോയി .നടയുടെ മുന്നില്‍ വലിയ നന്ദികെശ്വരനെ കാണാമായിരുന്നു ……
“അച്ഛാ ഞാനൊന്ന് നടന്നിട്ട് വരാം ,ഈ പെണ്ണുങ്ങള്‍ക്ക്‌ എന്തായാലും ഷോപ്പിംഗ്‌ വേണ്ടേ ,അവരത് നടത്തട്ടെ ,എനിയ്ക്ക് നടക്കാനൊരു മൂഡ്‌ “……
ഞാനിറങ്ങി നടന്നു .ഇരുളും വെളിച്ചവും ….ഒരു പക്ഷിയെ കണ്ടു .എവിടന്നോ വന്നു വീഴുന്ന പ്രകാശം അതിനു വല്ലാത്ത ഒരു നിറം നല്‍കി .അത് മെല്ലെ പറന്നും ഇരുന്നും പോയ്ക്കൊണ്ടേ ഇരുന്നു .എന്തിനു എന്നറിയാതെ ഞാനതിനെ പിന്‍തുടര്‍ന്നു .ഒരു ഇരുണ്ട ഇടനാഴിയില്‍ അത് ചെന്നിരുന്നു.ഒരു പാട് വ്യാളി മുഖങ്ങള്‍ കാണാമായിരുന്നു അതിന്റെ തൂണുകളില്‍ , എണ്ണമയം എല്ലാത്തിനും …..പ്രാർ ത്ഥനകളുടെ മെഴുക്ക്‌ ……
പക്ഷി എന്ത് ചെയ്യാനെന്നു ഞാന്‍ നോക്കി ,എന്തോ കൊത്തി കൊണ്ടിരിപ്പാണ്.അടുത്ത് ചെന്നപ്പോ മനസ്സിലായി അത് ചത്തുകിടക്കുന്ന മറ്റേതോ പക്ഷിയെ തിന്നുകയാണ് എന്ന് .വീണ്ടും എനിയ്ക്ക് ചിരിയാണ് വന്നതു .
ഒരുപാട് ഉറുമ്പുകള്‍ പക്ഷിയുടെ ദേഹത്ത് ഉണ്ടായിരുന്നു .അവയുടെ PROCESSION ഞാന്‍ കണ്ണ് കൊണ്ട് പിന്‍തുടര്‍ന്നു .പെട്ടെന്ന് എന്തോ ഞാന്‍ കണ്ടു .രണ്ടു കുഞ്ഞി കാലുകള്‍ ,ഒരു കൊച്ചു പെണ്‍ കുട്ടി ,ഒരു കറുത്ത ഉടുപ്പും ഇട്ടു നിപ്പാണ് .അവള്‍ ആ ഉറുമ്പുകളെ കൺ ഇമക്യാതെ നോക്കിക്കൊണ്ട്‌ നിക്കാണ് .അവള്‍ പെട്ടെന്നാ പക്ഷികളെ നോക്കി .അതവളുടെ കണ്ണില്‍ പെടാതിരിയ്ക്കാന്‍ ഞാന്‍ അവളുടെ മുന്നിലേയ്ക്ക് നിന്നു .
അവള്‍ എന്നെ നോക്കി ,അവളുടെ കണ്ണില്‍ ഞാന്‍ ആ കടലിന്റെ നീലിമ കണ്ടു .അവള്‍ കണ്ണ് ഇമക്യുന്നില്ലായിരുന്നു.ആ കുഞ്ഞു കവിളില്‍ ഇത്തിരി ചുവപ്പ് നിന്നു .മെല്ലെ എന്തിനോ സംശയിച്ചെന്നോണം അവള്‍ ഒരു കുഞ്ഞി ചിരി ചിരിച്ചു …….ഒരു കൊച്ചു പൂമ്പാറ്റ പോലെ …….ഞാന്‍ അറിയാതെ ചിരിച്ചു പോയി .
ഞാന്‍ ചുറ്റു പാടും നോക്കി .ആരെയും കാണുന്നില്ലല്ലോ ഭഗവാനെ ,കൂട്ടം തെറ്റി വന്നതാണോ ?ആരെങ്കിലും ഇവളെ തേടുന്നുണ്ടാവുമോ ? പിറകില്‍ പക്ഷി പക്ഷിയെ തിന്നുന്ന ശബ്ദം കേൾക്കാമായിരുന്നു ..
“പൂം പാറ്റെ നീ എവിടന്നു വന്നു “……അവളെന്നെ ചിരിച്ചു കൊണ്ട് വീണ്ടും നോക്കി .ഞാനവളുടെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങി ……
തൂണുകള്‍ മാഞ്ഞു പോകുകയായിരുന്നു …..ഒരു കാട്ട് വഴിയിലെത്തി ഞാന്‍ ….ഒരു പൂം പാറ്റ എന്നെ ചുറ്റി പറന്നു കൊണ്ടേ ഇരുന്നു ….അതെന്റെ ചുമലില്‍ വന്നിരുന്നു…..
“നടക്കു”..പൂം പാറ്റയാണ് പറഞ്ഞത് .ഞങ്ങള്‍ നടന്നു .പൂര്‍ണചന്ദ്രനെ കാണാമായിരുന്നു ,ഇലപടർപ്പിനിടയിലുടെ..നല്ല വെളിച്ചം ….
“നമ്മള്‍ എങ്ങോട്ടാ പോകുന്നെ ?”ഞാന്‍ ചോദിച്ചു …..
“എനിയ്ക്കറിയില്ല” ….പൂം പാറ്റ പറഞ്ഞു …
“എന്തോ കളഞ്ഞു പോയോ?എന്തോ കിട്ടാനുണ്ടോ? ആരോ ആരെയെങ്ങിലും തേടുകയാണോ?….
പൂം പാറ്റയ്ക്ക്‌ ഉത്തരം ഇല്ലായിരുന്നു ……..പെട്ടെന്ന് തൊട്ടടുത്ത വഴിയില്‍ നിന്നു അപ്പക്കിളി വന്നു .പൊട്ടനായ അപ്പക്കിളി .
“തേത്താ തേത്താ എന്റെ തുമ്പിയെ കണ്ടോ?….
“ഇല്ലല്ലോ” ഞാൻ പറഞ്ഞു ….
“എന്റെ തുമ്പി എവതെ പോയി ?തുമ്പീ തുമ്പീ “..അപ്പക്കിളി മറ്റൊരു വഴി ഇറങ്ങി നടന്നു …….വീണ്ടും ഞാനും പൂം പാറ്റയും ഒറ്റക്ക്യാ യി …..
അടുത്ത് ഒരു വെള്ളച്ചാട്ടം കണ്ടു …നിലാവ് അതിനെ തഴുകി കൂടുതല്‍ മനോഹരമാക്കി .അപ്പോള്‍ ആരോ എന്നെ മുട്ടി. “എസ്തയും റാഹേലും “……
“ഞങ്ങടെ വണ്ടിനെ കണ്ടോ?” അവര്‍ ചോദിച്ചു ……
ഞാന്‍ വീണ്ടും പറഞ്ഞു “ഇല്ലല്ലോ”
“വാ റാഹെലെ .നമ്മക്ക് തപ്പാം ,ഇനി അയ്മനത്ത് എത്തിക്കാണ്മോ? …….”
അവരും നടന്നു നീങ്ങി .
പെട്ടെന്ന് പൂം പാറ്റ പറഞ്ഞു “ദേ ദേ ……”
ഞാന്‍ നോക്കി ….അരുവിയുടെ പുല്‍ത്തകിടിയില്‍ ഒരു രാത്രിമുല്ല വിടർന്നി രിയ്ക്കുന്നു .പൂം പാറ്റ മെല്ലെ പറന്നു പോയി അതില്‍ ചെന്നിരുന്നു . എവിടന്നോ ഒരു കാറ്റു വീശാൻ തുടങ്ങി ….ഞാന്‍ കണ്ണുകള്‍ അടച്ചു ……………….
തുറക്കുമ്പോ കാട് മറഞ്ഞിരുന്നു .പകരം രാമേശ്വരത്തെ ഏതോ ഒരു ഇട നാഴി …എവിടന്നോ വെളിച്ചം ഒരു ബീം ആയി വന്നു വീണിരുന്നു .ആ പ്രകാശത്തിനു അപ്പുറത്ത് ആരോ ഇരുന്നിരുന്നു ,ഒരു സ്ത്രീ !…..അങ്ങനെയിരിയ്ക്കുമ്പോള്‍ അവര്‍ മുഖം പൊക്കി , ഒരു തുള്ളി കണ്ണീര്‍ ആ കണ്ണില്‍ നിന്നു വീണു .ലോകം ചുറ്റുന്നത്‌ മെല്ലെ ആയതു പോലെ എനിയ്ക്ക് തോന്നി .ആ തുള്ളി, വെളിച്ചത്തിലൂടെ മെല്ലെ മെല്ലെ താഴോട്ടു വന്നു .
ഒരു ചെറിയ ശബ്ദം “മാ …മാ ” എന്ന് വിളിയ്ക്കുന്നത് ഞാൻ കേട്ടു. നോക്കുമ്പോ എന്റെ പൂം പാറ്റയാണ് .ആ സ്ത്രീ കുട്ടിയെ കണ്ടു ,അവരോടി വന്നു കുട്ടിയെ കയ്യിലെടുത്തു തുരു തുരാ ഉമ്മ വയ്ക്കാന്‍ തുടങ്ങി.
ഞാന്‍ അത് നോക്കി ക്കൊണ്ട് കുറച്ചു മാറി നിന്നു .അവര്‍ കുട്ടിയെ താഴെ നിർ ത്തി .പൂം പാറ്റ വീണ്ടും ഒരു ഉറുമ്പുകൂട്ടത്തെ കണ്ടു,അതിനേം നോക്കി നില്‍ക്കാന്‍ തുടങ്ങി …ആ സ്ത്രീ എന്റെ അടുത്ത് വന്നു ഹിന്ദിയില്‍ പറഞ്ഞു “എന്റെ ഭർ ത്താവിന്റെ ശ്രാദ്ധത്തിന് വന്നതാണ് ,ഒന്ന് കണ്ണ് തെറ്റിയതെ ഉള്ളു .അപ്പോഴേയ്ക്കും “…….
ഞാൻ വീണ്ടും പൂം പാറ്റയെ നോക്കി ,അവള്‍ കാര്യമായി ഉറുമ്പുകളെ നോക്കി നില്ക്കാണ് …. പെട്ടെന്ന് തലപൊക്കി എന്നെ വിളിച്ചു ‘ഭയ്യാ” …..
ചൂടുള്ളതെന്തോ കൊണ്ട് എന്നെ കണ്ണ് നിറഞ്ഞു …ഞാന്‍ ചെന്ന് പൂമ്പാറ്റയ്ക്ക് ഒരുമ്മ കൊടുത്തു….. തിരിച്ചു നടന്നു …..
കടല്‍ …കാറ്റ് .. അപ്പോഴും ആരൊക്കെയോ ദംബതീ സ്നാനം ചെയ്യുന്നുണ്ടായിരുന്നു ,ഒരു പാട് കാക്കകള്‍ പിണ്ഡം വെച്ച ചോറ് തിന്നു കൊണ്ടേ ഇരുന്നു…ദൂരെ അമ്മ ചിന്നുവിനും അഞ്ജലിക്യും വള വാങ്ങിച്ചോട്ടു നില്‍ക്കുന്ന കണ്ടു…….ഞാനറിയാതെ പറഞ്ഞു , അമ്മ ……….

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

thirteen − 3 =