കടലും ഒരു കുമാരിയും

DSC02491

യാത്രകളിൽ നിറയുന്ന ഇരുളിനും പ്രകാശത്തിനും ആഴം കൂടുതലാണെന്ന് എനിക്ക്യു തോന്നാറുണ്ട് .ആ കാറ്റ് നമ്മുടെ ഉള്ളിലെ ചപ്പും ചവറും എല്ലാം എടുത്തു മാറ്റിക്കളയും .
അവിടം ഒരിടമാവും .നമ്മൾ ചിരിയ്ക്കും ,ചിന്തിയ്ക്കും .
എല്ലാ യാത്രകളിലും മറഞ്ഞുകിടക്കുന്ന ഒരു അവിചാരിതയുണ്ട്,ഒരു മയിൽ കുറ്റിയിൽ നിന്ന് അടുത്തതിലേയ്ക്ക് .അവിടെ നമ്മൾ പലപ്പോളും നമ്മൾ അല്ലാതായി മാറുന്നുണ്ട് ,പലപ്പോഴും നമ്മൾ നമ്മളായും .കന്ന്യാകുമാരിയിലെയ്ക്ക് ഞാൻ ആദ്യമായല്ല യാത്ര.ആ കുമാരിയെ ഞാൻ മുന്പു കണ്ടിട്ടുണ്ട് .ഒരു മഴക്കാലവും ,നനഞ്ഞ അസ്തമനവും എന്റെ മനസ്സില് എവിടെയോ കിടക്കുന്നുണ്ട് .അജുവേട്ടൻ മരിയ്ക്കുന്നതിനു മുൻപാണ് അത്.അദ്ദേഹത്തിന്റെ ഓർമ്മകൾ മരിക്ക്യാത്തത് കൊണ്ട്,ആ യാത്രയും മറക്കപ്പെടുന്നില്ല.സമയത്തിനെ തളച്ചിടാനുള്ള നമ്മുടെ വിഫലമായ ശ്രമം .പക്ഷെ അതിനൊരു സുഖമുണ്ട് കേട്ടോ,ഒരിത്തിരി ദുഖവും .

 

ഓർമകൾക്ക് പറയാനുള്ളതെപ്പോഴും പുതിയതെന്തെങ്കിലും ആയിരിക്ക്യും .അസ്തമനത്തിന്റെ ചുവപ്പിനു അവിടെ നിറം കൂടിയിട്ടുണ്ടാകും ,മഴയ്ക്ക്‌ തണുപ്പും .സന്തോഷങ്ങൾക്ക്‌ വിഷാദത്തിന്റെ ഒരു ഛായ വന്നിട്ടുണ്ടാവും . അരണ്ട വെളിച്ചത്തിൽ തൂങ്ങിയാടുന്ന ചില്ലകൾ പോലെ ചിന്തകൾ നമുക്ക് മേലെ നിൽക്കും ,നമ്മൾ കണ്ണടച്ച് ശ്വാസം നീട്ടി വലിയ്ക്കുമ്പോ അവിടെ സമയത്തിനു സമയം നഷ്ട്ടമാവും .

DSC02510

ജാസ്സിന്റെ ജനാലയിലൂടെ കാറ്റ് എന്നെ ഇക്കിളി കൂട്ടി .മുഴുവൻ ദൂരവും അളിയൻ തന്നെ ഓടിക്ക്യണം .ഞാൻ ലൈസൻസുള്ള ,എന്നാൽ വണ്ടി ഓടിക്ക്യാൻ അറിയാൻ പാടില്ലാത്ത മിടുക്കന്മാരിൽ ഒന്നാമനാണ്‌ .തിരുവനന്തപുരത്ത് നിന്ന് മൂന്ന് മണിക്കൂർ വേണം കന്ന്യാകുമാരിയിൽ എത്താൻ .ഞങ്ങൾ പോയ സമയത്തിന്റെ കുഴപ്പമാണോ എന്നറിഞ്ഞു കൂടാ ,ഭയങ്കര തിരക്ക് .
തിരക്കി തിരക്കി എല്ലാരും റോഡിൽ തന്നെ ഉടക്കി നിന്നു .
സ്ഥലം ഇല്ലാത്ത സ്ഥലമായി മാറിയിരിയ്ക്കുന്നു കേരളം.റോഡുകളും റോഡു വെട്ടുന്നവരും ഇടുങ്ങി തുടങ്ങിയിരിയ്ക്കുന്നു .
ഒരു മൂന്നര ആയപ്പോഴേക്ക്യും ഞങ്ങൾ കുമാരിയുടെ അടുത്തെത്തി .അളിയന്റെ കറുത്ത കണ്ണാട ,വെയിൽ അടിക്ക്യാതിരിയ്ക്കാൻ എന്ന വ്യാജേന ഞാൻ എന്റെ മുഖത്ത് പ്രതിഷ്ട്ടിച്ചു.ഇനി ഗ്ലാമറിന് കുറവ് വേണ്ട !
ഒരു വലിയ ക്യൂ ഞങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു .
ഗുരുവായൂര് അമ്പലത്തിൽ ക്യൂ നിന്ന് തൊഴണ്ട എന്ന് കഴിഞ്ഞ വട്ടത്തെ തീരുമാനത്തിന് ഭഗവാൻ തന്ന പണിയാണെന്ന് തോന്നി .
അങ്ങ് ദൂരെ കേരളത്തിൽ നിന്ന് ഒരു കൂട്ടം സ്ക്കൂൾ പിള്ളേർ വന്നിരുന്നു .അവര് ചിലച്ചും ചിരിച്ചും എന്തായാലും വെയ്റ്റിംഗ് രസമാക്കി തന്നു .

ചിലപ്പു നിർത്തി ,ജീവിതത്തിന്റെ അന്തരാളങ്ങളിലെയ്ക്ക് നോക്കുന്ന പെൺകുട്ടി

ചിലപ്പു നിർത്തി ,ജീവിതത്തിന്റെ അന്തരാളങ്ങളിലെയ്ക്ക് നോക്കുന്ന പെൺകുട്ടി

ഒരു ഗുദാം കണക്കൊരു സ്ഥലമാണ് ഈ വെയ്റ്റിംഗ് സ്പേസ്.വഴിയിൽ തന്നെ ആരോ മനമറിഞ്ഞു വച്ചൊരു വാളും .

DSC02653

കഷ്ടിച്ച് ആ കടമ്പ കടന്നു ഞങ്ങൾ ബോട്ടിന് അടുത്തെത്തി .പറയാൻ മറന്നു കേട്ടോ,34 രൂപയാണ് വിവേകാനന്ദ പാറയിലെയ്ക്കുള്ള ബോട്ട് സർവീസിന്റെ ചാർജ് .അവര് കുറച്ചൊന്നു കണക്കെടുത്ത് കാണണം അങ്ങനൊരു സംഘ്യയിൽ എത്താൻ .
ലൈഫ് ജാക്കറ്റ് ഒക്കെ ഉണ്ട് കേട്ടോ വലിയ സെറ്റ് അപ്പാ !
ഓടിപ്പെടഞ്ഞു ഞങ്ങൾ ബോട്ടിൽ കയറി .

ലക്ഷദ്വീപ് കടലിന്റെ ഒരു ഭാഗമാണത്രേ ഈ കടൽ .എന്തായാലും നല്ല ഓളമായിരുന്നു .
ശ്രീ വിവേകാനന്ദൻ പണ്ട് ഈ കടൽ നീന്തി കടന്നു ആ പാറയിൽ പോയി ധ്യാനിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്‌ .നീന്തിയാലും ബോട്ടെടുത്തായാലും ,പോകാനും മാത്രം വകുപ്പുള്ള ഒരു സ്ഥലം തന്നെയാണ് വിവേകാനന്ദ പാറ .
ബോട്ടിന്റെ ഈർപ്പം ചുംബിച്ച ചില്ലിലൂടെ ആ പാറ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു .

DSC02689

എന്റെ ഭാര്യയും ഈർപ്പം പിടിച്ച ഏതെങ്കിലും ഒരു ചില്ലിലുടെ നോക്കിയായിരിയ്ക്കും എന്നിൽ പ്രണയത്തിന്റെ പായൽ കണ്ടു പിടിച്ചത് .

DSC02470

.ബോട്ടിൽ ഓരോ ഓളം തല്ലുമ്പോഴും പെണ്ണിന് ഭംഗി കൂടി കൂടി വന്നു (ഇല്ല ,ഇതും തട്ടത്തിൻ മറയത്തും ആയിട്ട് യാതൊരു ബന്ധവുമില്ല!)
തൊട്ടു മുൻപിൽ പെങ്ങളും അളിയനും ഇരുന്നു കുറുകുന്നുണ്ടായിരുന്നു .പ്രണയത്തിനു ,എന്ത് കടൽ ,എന്ത് പാറ .
5 മിനിട്ടേ ഉള്ളു ബോട്ടിൽ സാഹസിക യാത്ര.ഒരു പാട് കാറ്റും കടലിന്റെ ഗന്ധവും ഞങ്ങളെ എതിരേറ്റു ,ക്ഷണം ഞങ്ങൾ സ്വീകരിച്ചു .
പാറ ചെറുതാണ് കേട്ടോ .ഇന്ത്യയുടെ ഏറ്റം പടിഞ്ഞാറേ അറ്റത്തുള്ള ഈ സ്ഥലത്തിന് ‘വാവ തുറയ് ‘(കണ്ടിട്ട് ‘വായ തുറ’ എന്നാണോ ഇനി അവർ ഉദ്ദേശിച്ചത് ?) എന്നാണത്രേ പറയുക .,
വിവേകാനന്ദന് ബോധോദയം ഉണ്ടായി എന്ന് പറയപ്പെടുന്ന മണ്ഡപവും ,ദേവിയുടെ കാല്പ്പാദം പതിഞ്ഞ പാറ സംരക്ഷിച്ചിട്ടുള്ള മണ്ഡപവും നേർക്ക്‌ നേരായി ഇവിടെ സ്ഥിതി ചെയ്യുന്നു .ഒരു ധ്യാന മന്ദിരവും ഈ പാറക്ക്യുള്ളിൽ ഉണ്ട് .

.ഞാൻ എന്തായാലും കുറച്ചു നേരം അവടെ കണ്ണടച്ച് ഇരുന്നു .നമക്കെല്ലാം ഒരു ബോധോദയത്തിന്റെ ആവശ്യം തീര്ച്ചയായും ഉണ്ട് .പക്ഷെ ഉദിച്ചു വരുമ്പോളെയ്ക്കും അസ്തമിച്ചു പോവാറാ ണല്ലൊ പതിവ് .
കാറ്റിനും കടലിനുമൊപ്പം ഞങ്ങൾ കുറച്ചു നേരം നടന്നു .തിരുവള്ളുവരുടെ പട് കൂറ്റൻ പ്രതിമ അടുത്ത് തന്നെ കാണാമായിരുന്നു ,പക്ഷെ വേലിയിറക്കം ആയതു കൊണ്ട് അങ്ങോട്ടുള്ള യാത്ര നിഷേധിച്ചിരുന്നു .പണ്ട് സുനാമിയൊന്നു ചുംബിച്ചതാണ് മൂപ്പരാളെ ,പക്ഷെ അതിന്റെ ഒരു നാണം ഒന്നും അദ്യത്തിന്റെ മുഖത്ത് കാണുന്നില്ലായിരുന്നു കേട്ടോ .

DSC02761
പ്രകൃതി മെല്ലെ ഇരുളിനോട് അടുത്ത് തുടങ്ങിയിരുന്നു .ചക്രവാളത്തിൽ മുറുക്കി ചുവപ്പിച്ച തമിൾ പെണ്ണിന്റെ ചുണ്ടിന്റെ ചുവപ്പ്,.

പെങ്ങളും അളിയനും

പെങ്ങളും അളിയനും

ഞങ്ങൾ തിരിച്ചു പോകാനുള്ള ബോട്ടിൽ കയറി.

അസ്തമനം കടലിലേയ്ക്ക് കലർത്തിയ ചായങ്ങൾ കുറച്ചു എന്റെ പ്രണയിനിയുടെ കണ്ണിലേയ്ക്കൂം ചൊരിഞ്ഞു .അവൾ ചിരിച്ചു .

 

നിന്റെ അധരത്തിലെ അസ്തമനത്തിൽ  ആണല്ലോ സഖീ ഞാനെന്റെ പുലരിയുടെ വെളിച്ചം കാണുന്നത്

നിന്റെ അധരത്തിലെ അസ്തമനത്തിൽ ആണല്ലോ സഖീ ഞാനെന്റെ പുലരിയുടെ വെളിച്ചം കാണുന്നത്

DSC02757
വ്യൂ പോയന്റിൽ അസ്തമനത്തെ കണ്ണിമയക്ക്യാതെ നോക്കുന്ന ഒരു വൃദ്ധയെ കാണാമായിരുന്നു .അവർ ,എന്തിന്റെ അസ്തമനം ആണാവോ കണ്ടത്

DSC02820

.ഓരോരുത്തർക്കും കാഴ്ച്ച ഓരോന്നാണല്ലോ .
ഇരുൾ ഒരു ചെറു ചിരിയോടെ വരുന്നുണ്ടായിരുന്നു ,ഞങ്ങളും അവളോട് ചിരിച്ചു, മെല്ലെ തിരിച്ചു നടന്നു .

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

five − 3 =